എന്റെ ഒരു പ്രവൃത്തിയും വെറുമൊരു പ്രവൃത്തിയല്ല


ന്റെ പ്രവൃത്തി എന്നു പറയുന്നതു എന്റെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടെ ഞാന്‍ ചെയ്യുന്നതാണ്. അത്തരത്തിലുള്ള, അതായത്, ഞാന്‍ പൂര്‍ണമനസോടെ അനുവദിക്കുന്ന ഒരു ചിന്തപോലും എന്റെ ഒരു പ്രവൃത്തിയാണ്. ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയും, ഒരു പ്രവൃത്തിമാത്രമായി മാഞ്ഞു പോകുന്നില്ല. കാരണം, ആ ഓരോ പ്രവൃത്തിയിലും എന്റെ ഒരു തിരഞ്ഞെടുപ്പുണ്ട്.

ഉദാഹരണത്തിനു, എന്റെ കൂട്ടുകാരന്‍ എഴുതാനായി പേനയില്ലാതെ ഇരിക്കുന്നതു കാണുമ്പോള്‍, അവനോടുള്ള സ്‌നേഹം കൊണ്ടു ഞാനവനൊരു പേന കൊടുക്കുന്നു. അവിടെ ഞാനൊരു പേന കൊടുക്കുക മാത്രമല്ല ചെയ്തത്, സ്‌നേഹത്തിന്റേതായ ഒരു തിരഞ്ഞെടുപ്പു നടത്തിക്കൊണ്ട് സ്‌നേഹത്തിനു എന്നില്‍ വേരുപാകാന്‍ വഴിയൊരുക്കുക കൂടിയാണ്. ആ പ്രവൃത്തിക്കു ശേഷം ഞാന്‍ മാറ്റം സംഭവിച്ച ഒരു വ്യക്തിയാണ്. അതായതു, ചെറുതോ വലുതോ ആയ ഓരോ പ്രവൃത്തിയിലും ഞാന്‍ എന്തോ ചെയ്യുക മാത്രമല്ല, ആരോ ആവുക കൂടിയാണ്.

എന്റെ ഈ ഓരോ ചെറിയ തിരഞ്ഞെടുപ്പിനും വലിയ മാനമുണ്ട്. കാരണം, അതു, ''നന്മ വേണമോ'', ''തിന്മ വേണമോ'' എന്ന എന്റെ തീരുമാനമാണ്. (നന്മ തിരഞ്ഞെടുത്തതിനു ശേഷം അതു എങ്ങനെ ചെയ്യണം എന്നുള്ള തീരുമാനമല്ല ഉദ്ദേശിക്കുന്നത്. അതിനെന്നെ സഹായിക്കുന്നത് എന്റെ വിവേകമാണ്.) ഒരു നന്മയോടു ഞാന്‍ Yes പറയുമ്പോള്‍, നന്മതന്നെയായ ദൈവത്തോടാണു ഞാന്‍ Yes പറയുന്നത്. തിന്മയോടു ഞാന്‍ Yes പറയുമ്പോള്‍, ആ ദൈവത്തോടു ഞാന്‍ No പറയുന്നു. അതിനാല്‍, എന്റെ പൂര്‍ണ സമ്മതത്തോടുകൂടിയ ചെറിയ ചിന്തപോലും (എന്റെ അനുവാദമില്ലാതെ മനസിലൂടെ കടന്നുപോകുന്ന ചിന്തകളെയല്ല ഉദ്ധേശിച്ചത്.) എന്നെ ദൈവത്തോടു ഒരു പടികൂടി അടുത്തവനോ അകന്നവനോ ആക്കുന്നു.