കൃപാവരവും എന്റെ ജീവിതവും

ന്താണു കൃപാവരമെന്നോ, അതിന് എന്റെ ജീവിതത്തിലുള്ള പ്രാധാന്യമെന്തെന്നോ എനിക്കറിവില്ലായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോള്‍, എന്തേ ഞാനിതറിയാന്‍ വൈകി എന്നാണു ചിന്തിച്ചത്.

കൃപാവരം എന്നത് എനിക്കു ലഭിച്ചിരിക്കുന്ന വിളിയുമായി ബന്ധപ്പെട്ടതാണ്. ദൈവീകരണത്തിനായി (ദൈവത്തിന്റെതന്നെ ജീവിതത്തില്‍ പങ്കുചേരുന്നതിനായി) വിളിക്കപ്പെട്ടവനാണു ഞാന്‍. വെറുമൊരു സൃഷ്ടിയും, അതിലുപരി പാപിയുമായ എനിക്ക് ഈ വിളി ഏറ്റെടുക്കുക എന്നത്, എന്റെ കഴിവിനുമപ്പുറത്തായതിനാല്‍ തന്നെ, അസാധ്യമാണ്. എന്നാല്‍, എന്നെ അനന്തമായി സ്‌നേഹിക്കുന്ന ദൈവം ഇതിനെന്നെ സഹായിക്കുന്നു. ദൈവത്തിന്റെ വിളിയോട് എന്റെ ജീവിതംകൊണ്ടു "Yes" പറയാനായി ദൈവം നല്കുന്ന സൗജന്യമായ ഈ സഹായത്തെയാണു കൃപാവരം അഥവാ Grace എന്നു പറയുന്നത്. (ദൈവം ആഗ്രഹിക്കുന്നത് എന്റെ സ്വതന്ത്രമായ "Yes" ആയതിനാല്‍, അവിടുന്നെന്നെ സഹായിക്കുന്നത് എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാതെയാണ്.)

ദൈവികവിശുദ്ധിയിലേക്കുള്ള എന്റെ യാത്രയിലെ ഒഴിച്ചുകൂടാനാകാത്ത ഈ സഹായമാണു കൃപാവരമെന്നു ഞാന്‍ മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍, കൃപയുടെ നീര്‍ച്ചാലുകളായ കൂദാശകള്‍ സ്വീകരിക്കാനുള്ള ഒരവസരവും ഞാന്‍ പാഴാക്കില്ലായിരുന്നു.