ശാരീരികപ്രകടനങ്ങൾ എന്റെ പ്രാർത്ഥനയ്ക്കാവശ്യമോ?

ഞാന്‍ പലപ്പോഴും ദേവാലയത്തിലായിരിക്കുമ്പോള്‍ മുട്ടിന്മേലായിരിക്കാറുണ്ട്, കൈകൂപ്പി നില്ക്കാറുണ്ട്, സാഷ്ടാംഗപ്രണാമം ചെയ്യാറുണ്ട്. ഈ ശാരീരികപ്രകടനങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനയ്ക്കാവശ്യമാണോ? ഞാനിങ്ങനെ ബുദ്ധിമുട്ടുന്നതുകൊണ്ടു ദൈവത്തിനെന്തു ഗുണം? യഥാര്‍ത്ഥത്തില്‍ ദൈവത്തിനല്ല, എനിക്കാണു ഗുണം.

മനുഷ്യന്‍ ശരീരവും ആത്മാവും ഉള്ളവനാണ്. അവനെ ആത്മീയനായി മാത്രം കണക്കാക്കിയാല്‍ അതു പൂര്‍ണതയാവില്ല. എന്റെ പൂര്‍ണത എന്റെ ശരീരവും ആത്മാവും ഒന്നിച്ചുള്ളതാണ്. അതുകൊണ്ടാണ് എന്റെ ആത്മാവില്‍ നിറയുന്നവ ശരീരത്തിലൂടെ ഒഴുകുന്നത്. ഉദാഹരണത്തിന്, ഒരമ്മ കുഞ്ഞിനെ എടുത്തു ചുംബിക്കുന്നതു കുഞ്ഞിന്റെ സന്തോഷത്തിനു വേണ്ടി മാത്രമല്ല, അമ്മയുടേതിനു കൂടിയാണ്. അമ്മയുടെ ഉള്ളിലുള്ള സ്‌നേഹം പുറത്തേക്കൊഴുകുന്നതു ശാരീരികപ്രകടനങ്ങളിലൂടെയാണ്.

മറ്റുചിലപ്പോള്‍ ശാരീരികപ്രകടനങ്ങളാണ് ആത്മാവിന്റെ ഭാവങ്ങളെ തൊട്ടുണര്‍ത്തുന്നത്. ഉദാഹരണത്തിന്, മുതിര്‍ന്നവര്‍ വീട്ടിലേക്കു കയറിവരുമ്പോള്‍ എഴുന്നേറ്റു നില്ക്കണമെന്നുള്ളതു ചെറുപ്പത്തിലേ എനിക്കു ലഭിച്ച പാഠമാണ്. പലപ്പോഴും ഒരു ശീലത്തിന്റെ പ്രേരണയാല്‍ എഴുന്നേല്ക്കുമ്പോഴാണ് അവരോടുള്ള ബഹുമാനം ഉള്ളിലുണരുന്നത്.

ചുരുക്കത്തില്‍, ആത്മാവും ശരീരവുമുള്ള എനിക്ക് ഏതെങ്കിലുമൊന്നിന് അമിതപ്രാധാന്യം നല്കാനാവില്ല. എന്റെ ആത്മാവിന്റെ ഭാവങ്ങള്‍ പലപ്പോഴും ശരീരത്തിലൂടെ പ്രകടമാകുന്നു; എന്റെ ശാരീരികപ്രകടനങ്ങള്‍ പലപ്പോഴും എന്റെ ആത്മാവിന്റെ ഭാവങ്ങളെ തൊട്ടുണര്‍ത്തുന്നു. അതുകൊണ്ടുതന്നെ എന്റെ ദൈവത്തെ ആരാധിക്കുമ്പോള്‍, എന്റെ ആത്മാവും ശരീരവും ഒന്നായിച്ചേര്‍ന്ന് ആരാധിക്കുന്നതിലാണ് എനിക്കു ചെയ്യാവുന്നതിന്റെ പൂര്‍ണത അടങ്ങിയിരിക്കുന്നത്.