എല്ലാവരോടും എനിക്കു സ്‌നേഹം തോന്നാറില്ല

ല്ലാവരേയും സ്‌നേഹിക്കാനായി ഈശോ പറഞ്ഞു. എനിക്കു ചെയ്യാന്‍ പറ്റാത്ത കാര്യം ഈശോ എന്നോട് ആവശ്യപ്പെടില്ല എന്നറിയാം. പക്ഷേ, എനിക്ക് എല്ലാവരോടും സ്‌നേഹം തോന്നാത്തത് എന്തുകൊണ്ടാണെന്നു ഞാന്‍ ചിന്തിക്കുമായിരുന്നു. അതിനായി പരിശ്രമിച്ചു പരാജയപ്പെടുമായിരുന്നു. പിന്നീടാണു യഥാര്‍ത്ഥ സ്‌നേഹം എന്താണെന്നതിനെ കുറിച്ചു കൂടുതല്‍ അറിയുന്നത്.

സ്‌നേഹം വികാരത്തിന്റെ തലത്തില്‍ നില്‍ക്കുമ്പോള്‍ അതിന്മേലെനിക്കു നിയന്ത്രണമുണ്ടാകണമെന്നില്ല. ഉദാഹരണത്തിന്, ചിലരെ കാണുന്നതേ ദേഷ്യം തോന്നും. എന്നാല്‍ മറ്റു ചിലരോടു സ്വാഭാവികമായിത്തന്നെ ഒരു സ്‌നേഹം തോന്നാറുണ്ട്. എന്നാല്‍ ഈ തോന്നലുകള്‍ എപ്പോള്‍ വേണമെങ്കിലും മാറുകയും ചെയ്യാം. എന്നാല്‍ ഒരുവനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുക എന്നത് അവന്റെ നന്മ ഇച്ഛിക്കുക എന്നതാണ്. ഉദാഹരണത്തിന്, കാണുമ്പോഴേ എനിക്കു ദേഷ്യം തോന്നുന്ന ഒരു സഹോദരന്റെ നന്മമാത്രം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, എനിക്കവനോടു സ്‌നേഹം "തോന്നുന്നില്ലെങ്കിലും" ഞാനവനെ സ്‌നേഹിക്കുകയാണ്. (ഇതു സ്‌നേഹമെന്ന സുകൃതത്തിന്റെ പരിപൂര്‍ണതയിലേക്കുള്ള യാത്രയുടെ തുടക്കം മാത്രം.)

എനിക്കു സ്‌നേഹം തോന്നുന്നവരെ സ്‌നേഹിക്കാന്‍ എളുപ്പമാണ്, അതില്ലെങ്കിലാണു ബുദ്ധിമുട്ട്. അതിനാലാണു ശത്രുക്കളെ സ്‌നേഹിക്കാന്‍ എളുപ്പമല്ലാത്തത്. ദൈവികസുകൃതമായ സ്‌നേഹം ദൈവത്തിന്റെ ദാനമാണ്. ആ കൃപകൂടാതെ എനിക്കിതിനു സാധിക്കുകയില്ല.