വിശുദ്ധനാകാനുള്ള ഒരു പ്രാർത്ഥന



വിചാരിതമായാണ് ആ പ്രാര്‍ത്ഥന ഞാന്‍ കണ്ടത്. വായിച്ചു നോക്കിയപ്പോള്‍ അതിലുള്ള ആദ്ധ്യാത്മികതയുടെയും ദൈവശാസ്ത്രത്തിന്റെയും ആഴം കണ്ട് അത്ഭുതപ്പെട്ടു പോയി. പ്രാര്‍ത്ഥന എഴുതിയ ആളുടെ പേരു താഴെ കൊടുത്തിരുന്നു: വി. തോമസ് അക്വീനാസ്. അതു കണ്ടപ്പോള്‍ പിന്നെ എന്റെ അത്ഭുതത്തിന് അര്‍ത്ഥമില്ലെന്നു മനസിലായി. വിശുദ്ധി ജീവിച്ചവന്റെ പ്രാര്‍ത്ഥന, മനുഷ്വസ്വഭാവത്തിന്റെ ആഴങ്ങള്‍ തൊടുന്നവയായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.

ധ്യാനിച്ച്, ആത്മവിചിന്തനം നടത്തി പ്രാര്‍ത്ഥിക്കേണ്ട വാക്കുകള്‍:

            കരുണാനിധിയായ ദൈവമേ, നിനക്ക് ഇഷ്ടമുള്ളവയെ ഞാന്‍ ആഗ്രഹിക്കാന്‍ ഇടയാകട്ടെ. നിന്റെ നാമത്തിന് സ്തുതിയും മഹത്വവും നല്കുന്നതൊക്കെയും വിവേകത്തോടെ അന്വേഷിക്കുവാനും നന്നായി മനസിലാക്കുവാനും വിശ്വസ്തതയോടെ നിറവേറ്റുവാനും എന്നെ നീ സഹായിക്കണമേ. നീ ആഗ്രഹിക്കുന്നതു ചെയ്യാന്‍തക്കവിധം എന്റെ ദിവസത്തെ ക്രമീകരിക്കണമേ. അതെല്ലാം എന്റെ ആത്മനന്മയ്ക്കുപകരിക്കട്ടെ.
            വിജയത്തില്‍ മതിമറക്കാതെയും, പരാജയത്തില്‍ ഭഗ്നാശനാകാതെയും ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ. നിന്നോട് അടുക്കുന്നതില്‍ നിന്നുള്ള സന്തോഷവും നിന്നില്‍ നിന്ന് അകലുന്നതില്‍നിന്നുള്ള ദുഃഖവും എനിക്കുമതി. നിന്നെയല്ലാതെ മറ്റാരെയും പ്രീതിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; അപ്രീതിപ്പെടുത്താന്‍ ഭയപ്പെടുന്നുമില്ല.
            സ്വര്‍ഗ്ഗീയനന്മയെപ്രതി ലൗകികമായതെല്ലാം ഞാന്‍ ത്യജിക്കുന്നു. നിനക്കു ഹിതമല്ലാത്ത കാര്യങ്ങള്‍ ഞാന്‍ പരിത്യജിക്കട്ടെ. നിനക്കായ് ചെയ്യുന്നതൊക്കെയും എനിക്ക് ആനന്ദദായകവും നീയില്ലാത്ത സന്തോഷങ്ങള്‍ എനിക്കു അരോചകവുമാകട്ടെ. എന്റെ ചിന്തകളെ നിന്നിലേയ്ക്ക് അനുസ്യൂതം തിരിക്കുവാനും ഞാന്‍ അതില്‍ പരാജയപ്പെടുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ മനസ്തപിക്കുവാനും എന്നെ പഠിപ്പിക്കണമേ.
            പരാതികൂടാതെ അനുസരിക്കുവാനും, പരിതപിക്കാതെ ദാരിദ്ര്യമനുഭവിക്കുവാനും, പുറംപൂച്ചില്ലാതെ എളിമപ്പെടാനും, ആര്‍ഭാടം കൂടാതെ ആഹ്‌ളാദിക്കുവാനും, ചാപല്ല്യമില്ലാതെ ഉല്ലസിക്കുവാനും, വഞ്ചനകൂടാതെ സത്യസന്ധനാകുവാനും എന്നെ പഠിപ്പിക്കണമേ. നഷ്ടധൈര്യനാകാതെ നിന്നെ ഭയപ്പെടുന്നതിനും, അഹങ്കരിക്കാതെ നന്മ ചെയ്യുവാനും, ധാര്‍ഷ്ട്യം കൂടാതെ അയല്‍ക്കാരനെ തിരുത്തുവാനും, വക്രതയില്ലാതെ വാക്കാലും പ്രവൃത്തിയാലും അവനു മാതൃകയാകുവാനും എന്നെ പ്രാപ്തനാക്കണമേ.
            വ്യര്‍ഥചിന്തകള്‍ എന്നെ നിന്നില്‍നിന്ന് അകറ്റാതിരിക്കാന്‍ ജാഗ്രതയുള്ള ഹൃദയവും, അശുദ്ധമായ സ്‌നേഹത്താല്‍ മലിനമാകാതിരിക്കുവാന്‍ ഒരു ശുദ്ധഹൃദയവും, ദുരുപദേശത്താല്‍ കറപുരളാത്ത ഒരു നിര്‍മ്മലഹൃദയവും എനിക്കു തരണമേ.
            പ്രലോഭനങ്ങളെ ജയിക്കുവാനുള്ള ശക്തിയും, ജഡികാസക്തിക്കു വഴങ്ങാത്ത ആത്മസ്വാതന്ത്ര്യവും, നിന്നെ അറിയുവാനുള്ള മനസ്സും, തേടുവാനുള്ള ഹൃദയവും, കണ്ടെത്തുവാനുള്ള വിജ്ഞാനവും, ഹൃദ്യമായ പെരുമാറ്റവും, വിശ്വസ്തതയോടെ കാത്തിരിക്കുവാനുള്ള ക്ഷമയും, നിന്നെ അവസാനം പുല്കുവാനുള്ള പ്രത്യാശയും എനിക്കു നല്കണമേ.
            എന്റെ പരീക്ഷകളെ പ്രായശ്ചിത്തമായും, നിന്റെ കൃപകളെ എന്റെ പാതയിലെ അനുഗ്രഹങ്ങളായും, നിന്റെ സന്തോഷങ്ങളെ സ്വര്‍ഗ്ഗീയ മഹത്വത്തിന്റെ അച്ചാരമായും ഞാന്‍ സ്വീകരിക്കുന്നു.

ആമ്മേന്‍.