എന്റെ വിശ്വാസത്തിന്റെ യുക്തിപരമായ അടിസ്ഥാനം

ത്ഥിതനായ ഈശോയാണ് എന്റെ വിശ്വാസത്തിന്റെ ആണിക്കല്ല്. ആ കല്ല് ഉറച്ചിരിക്കുന്നതുകൊണ്ടാണ് ഇളകി വീണേക്കാവുന്ന മറ്റു കല്ലുകളും ഉറച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഏകദൈവം ത്രിത്വമാണെന്നത് എന്റെ ബുദ്ധികൊണ്ടു മുഴുവനായി ഗ്രഹിക്കാവുന്ന കാര്യമല്ല. അതിനെ കൂടുതല്‍ വിശദീകരണങ്ങളിലൂടെ മനസിലാക്കാന്‍ ശ്രമിച്ചാലും അതു പൂര്‍ണമാകാറില്ല. അത് എന്റെ ബുദ്ധിക്കും ഭാവനയ്ക്കും അതീതമാണ്. എന്നിട്ടും ഞാനതു വിശ്വസിക്കുന്നത്, ഉത്ഥിതനായ ഈശോയാണ് അതു വെളിപ്പെടുത്തിയത് എന്നതുകൊണ്ടാണ്.

എന്നാല്‍ മനുഷ്യബുദ്ധിയ്ക്ക് അഗ്രാഹ്യമായ ഈശോയുടെ ഉത്ഥാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നത് വേറൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് എനിക്കു മനസിലാക്കാവുന്ന ചരിത്രവസ്തുതയായ ക്രിസ്തുമത ഉത്ഭവത്തിന്റെ പ്രത്യേകതകളില്‍ നിന്നാണ് (വിശ്വാസം എന്നത് ദൈവികദാനമാണെന്ന സത്യം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെഴുതുന്നത്).

ഏതാനും പടയാളികള്‍ ഈശോയെ ബന്ധിക്കാന്‍ വന്നപ്പോള്‍ ഓടിരക്ഷപ്പെട്ട ഭീരുക്കളായ ശിഷ്യന്മാര്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം സ്വന്തം ജീവന്‍ പണയംവച്ചുകൊണ്ട്, ഉത്ഥാനം ചെയ്ത ഈശോയെ പ്രഘോഷിക്കാനായി ധൈര്യത്തോടെ വരുന്നു. ആ ശിഷ്യന്മാരില്‍ മഹാഭൂരിപക്ഷവും ഈ പ്രഘോഷണത്തിന്റെ പേരില്‍ മാത്രം അതിക്രൂരമായ മാര്‍ഗങ്ങളിലൂടെ കൊല്ലപ്പെടുന്നു. എന്നാല്‍ മരണത്തിന്റെ മുന്നിലും അവര്‍ ഉത്ഥിതനായ ഈശോയെ പ്രഘോഷിക്കുന്നു. അവിടെ തുടങ്ങിയ ആ ക്രിസ്തുമത ചരിത്രമാണ് ഈശോയുടെ ഉത്ഥാനത്തിലുള്ള എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം.

ശിഷ്യന്മാരെ അടിമുടി മാറ്റിയത് എന്തായിരുന്നു? കുരിശില്‍ തറച്ചു കൊല്ലുന്നതില്‍ അതിവൈദഗ്ദ്ധ്യമുള്ള റോമന്‍ പടയാളികള്‍ ക്രൂശിച്ച ഒരു വ്യക്തി, മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞ്, കാര്യമായൊന്നും സംഭവിക്കാത്തതു പോലെ പൂര്‍ണ ആരോഗ്യവാനായി വന്ന് ഉത്ഥാനം ചെയ്തതായി അഭിനയിച്ചു എന്നാരെങ്കിലും പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ എന്റെ യുക്തിയും, ക്രൂശിക്കല്‍ എന്ന റോമന്‍ ശിക്ഷയെ കുറിച്ചുള്ള അറിവും എന്നെ അനുവദിക്കുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ട ശിഷ്യന്മാര്‍ മെനഞ്ഞെടുത്ത കഥയാണ് ഈശോയുടെ ഉത്ഥാനമെങ്കില്‍, നുണയെന്ന് അവര്‍ക്കുതന്നെ അറിയാവുന്ന ഒരു കഥയ്ക്കു വേണ്ടി അവര്‍ ജീവിതവും ജീവനും ബലികഴിക്കില്ലായിരുന്നു. അവര്‍ ജീവിതത്തിന്റെ ഓരോ ദിവസവും മരണവക്ത്രത്തിലൂടെ കടന്നുപോകുമ്പോഴും ആവേശത്തോടെ പ്രഘോഷിച്ചുകൊണ്ടിരുന്ന ആ ഉത്ഥാനത്തില്‍ വിശ്വസിക്കുന്നതാണ് എന്നെ സംബന്ധിച്ച് കൂടുതല്‍ യുക്തിപരം.