"അയ്യേ!" എന്റെ ആരാധന കാത്തിരിക്കുന്ന ദൈവം!

ന്നെ ആരാധിക്കാനായി, തന്നെ മാത്രം ആരാധിക്കാനായി എന്നോടാവശ്യപ്പെടുന്ന ദൈവം ഒരു വിലകുറഞ്ഞ ദൈവമല്ലേ എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്റെ ആരാധനയും സ്തുതിപാടലുകളും ലഭിക്കാനായി കാത്തിരിക്കുന്ന ദൈവത്തിന്റെ ചിത്രം "അയ്യേ!" എന്ന ചിന്തയാണ് എന്റെ മനസിലേക്കു കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ദൈവാരാധനയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാന്‍ തുടങ്ങിയപ്പോഴാണു ഞാന്‍ അത്ഭുതപ്പെട്ടു പോയത്.

ത്രിത്വമെന്ന കൂട്ടായ്മയായിരിക്കുന്ന പരിപൂര്‍ണനായ ദൈവം, തന്റെ ആ സ്‌നേഹക്കൂട്ടായ്മയില്‍ പങ്കുചേരാനായി എന്നെ സൃഷ്ടിച്ചു. ഒന്നിനും കുറവില്ലാത്ത, ഒന്നും ആവശ്യമില്ലാത്ത ദൈവം എന്നോടുള്ള സ്‌നേഹത്താല്‍ മാത്രം എന്നെ സൃഷ്ടിച്ചു. (സ്‌നേഹിക്കപ്പെടാനായി ഞാനുണ്ടായതു ദൈവത്തിന് എന്നോടുള്ള സ്‌നേഹത്താലാണ്: ഒരു തത്വശാസ്ത്ര പ്രഹേളിക) അതായത് ദൈവത്തിന്റെ സ്‌നേഹജീവിതത്തില്‍ പങ്കുചേരാനായി സൃഷ്ടിക്കപ്പെട്ടവനാണു ഞാന്‍. അതിനാല്‍ ഞാന്‍ ഞാനായിരിക്കുന്നതു ദൈവോന്മുഖനായിരിക്കുമ്പോളാണ്. ഉദാഹരണത്തിന്, ഒരു വിളക്കു തെളിയുമ്പോഴാണ് അതു യഥാര്‍ത്ഥത്തില്‍ വിളക്കാകുന്നത്, കാരണം അതിനായാണു വിളക്കു നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിലേക്കായി സൃഷ്ടിക്കപ്പെട്ട ഞാന്‍ അങ്ങനെയല്ലാതിരിക്കുമ്പോള്‍ എന്നെ കാത്തിരിക്കുന്നതു ശൂന്യത മാത്രമാണ്.

എന്റെ ആരാധന എന്നത്, എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവിനെ അംഗീകരിച്ച് ഏറ്റുപറയുന്നതാണ്. അതായത്, എന്റെ ജീവിതത്തിന്റെ അടിസ്ഥാനവും ലക്ഷ്യവുമായിരിക്കുന്നതെന്തോ അതാണ് എന്റെ ആരാധനാപാത്രം. അത് എന്റെ ചിന്തയാലും, വാക്കാലും, ശാരീരിക പ്രവൃത്തിയാലും ഏറ്റുപറയുന്നതാണ് എന്റെ ആരാധന. ആ കേന്ദ്രബിന്ദു ദൈവമല്ലെങ്കില്‍, ദൈവത്തിലേക്കായി സൃഷ്ടിക്കപ്പെട്ട എന്നെ കാത്തിരിക്കുന്നതു ശൂന്യതമാത്രം. അതിനാല്‍ ഞാന്‍ ദൈവത്തെ ആരാധിക്കുക എന്നതു ദൈവത്തിന്റെ ആവശ്യമല്ല, എന്റെ ആവശ്യമാണ്. അവിടുന്ന് അതാവശ്യപ്പെടുന്നെങ്കില്‍ അത് എന്നോടുള്ള "ഭ്രാന്തമായ" സ്‌നേഹത്താല്‍ മാത്രമാണ്. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.