മറിയം എന്ന സ്ത്രീ എനിക്കാരാണ്?

ണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്, എനിക്ക് ഒരു പരിചയവുമില്ലാത്ത സ്ഥലത്തു ജീവിച്ചിരുന്ന മറിയം എന്ന സ്ത്രീക്ക്, എന്റെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? ഉണ്ടെന്നു മനസിലാക്കാനുംമാത്രം അറിവില്ലാതിരുന്ന കാലത്തും ഞാനവളോടു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നു. കാരണം, ഞാന്‍ കേട്ടിരുന്നു, അവളെന്നെ ഈശോയിലേക്കു നയിക്കുന്നുവെന്ന്. അതു ശരിതന്നെ. എന്നാല്‍ പിന്നീടാണു മറ്റൊരു കാര്യം ഞാന്‍ മനസിലാക്കുന്നത്: ദൈവം എന്നെ മറിയത്തിലേക്കു ക്ഷണിക്കുന്നു. അതെനിക്കു പുതിയൊരു അറിവായിരുന്നു.

ദൈവം അവിടുത്തേയ്ക്കു വേണ്ടി പൂര്‍ണമായി Reserve ചെയ്ത സ്ത്രീയായിരുന്നു മറിയം. പിതാവായ ദൈവം അവിടുത്തെ മകളായി പരിപൂര്‍ണ വിശുദ്ധിയില്‍ അവളെ സൃഷ്ടിച്ചു. പുത്രനായ ദൈവം അവിടുത്തെ അമ്മയായി അവളെ തിരഞ്ഞെടുത്തു. പരിശുദ്ധാത്മാവായ ദൈവം മണവാളനായി അവളില്‍ ആവസിച്ചു. അങ്ങനെ മറിയം ദൈവത്തിനുമാത്രം സ്വന്തമായി.

എന്നോടുള്ള സ്‌നേഹത്താല്‍ സ്വജീവന്‍ പോലും എനിക്കായി നല്കിയ ദൈവം, കുരിശില്‍ വച്ച് അവിടുത്തെ സ്വന്തമായ മറിയത്തെ എനിക്ക് അമ്മയായും എന്നെ അവള്‍ക്കു മകനായും നല്കി. മറിയം എന്റെയും, എല്ലാ സഭാമക്കളുടെയും അമ്മയായിരിക്കുന്നതു ദൈവം അതപ്രകാരം ആഗ്രഹിച്ചു എന്നുള്ളതു കൊണ്ടാണ്. അതുകൊണ്ടുതന്നെ അവളെന്നെ മകനായി സ്വീകരിച്ചു കഴിഞ്ഞു. പാപിയായ ഞാന്‍ എന്റെ ഈ അമ്മയെ കുറിച്ച് ഇടയ്‌ക്കൊക്കെ മറന്നുപോയാലും, അമ്മയ്ക്കു ഞാനെന്നും പ്രിയ മകനാണ്. എന്റെ പാപങ്ങളെ പ്രതി കണ്ണീരൊഴുക്കുന്ന ഈ അമ്മയാണു വിശുദ്ധിയില്‍ നടക്കാന്‍ എന്നെ പരിശീലിപ്പിക്കുന്നത്.