പരിശുദ്ധ ത്രിത്വം എന്ന രഹസ്യം എന്റെ ജീവിതത്തില്‍

ദൈവം ഒന്നായിരിക്കുമ്പോള്‍ തന്നെ അതില്‍ മൂന്നു വ്യക്തികളുണ്ടെന്നുള്ളത് എല്ലാവരെയും പോലെത്തന്നെ എനിക്കും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ വിശ്വാസം എന്ന ദൈവികദാനം ഈ രഹസ്യത്തെ ഉള്‍ക്കൊള്ളാന്‍ എന്നെ പ്രാപ്തനാക്കുന്നു. എന്നാല്‍, ഈ സത്യം എന്റെ അനുദിന ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുള്ള ഒരു കാര്യമാണോ? ഉത്തരം വളരെ ലളിതമാണ്: അതെ, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഞാന്‍ ജീവിക്കുന്നതു തന്നെ, ദൈവത്തിന്റെ ജീവിതത്തില്‍ പങ്കുചേരാനാകും എന്ന പ്രത്യാശയിലാണ്. അപ്പോള്‍പിന്നെ ആ ദൈവത്തിന്റെ ജീവിതം എങ്ങനെയുള്ളതാണെന്ന കാര്യം എന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നല്ലേ! ദൈവത്തിന്റെ ജീവിതം എങ്ങനെയാണെന്നുള്ളതിനെ പറ്റി വളരെ കുറച്ചു കാര്യങ്ങളേ മനുഷ്യനറിയൂ. അതില്‍ ഏറ്റവും അടിസ്ഥാനപരമായ കാര്യം അവിടുന്നു പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് എന്നതാണ്. ദൈവത്തിന്റെ ജീവിതത്തില്‍ പങ്കുചേരാനുള്ള വിളി എന്നത്, ഈ കൂട്ടായ്മയിലേക്കുള്ള വിളിയാണ്. ദൈവത്തില്‍തന്നെയുള്ള ഈ സ്‌നേഹക്കൂട്ടായ്മയില്‍ ഒരിക്കല്‍ എത്തിച്ചേരുക എന്നതാണെന്റെ സ്വപ്നവും!!

പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മ എന്ന ഈ വലിയ രഹസ്യത്തെയും, അതിലേക്കായി എല്ലാ മനുഷ്യര്‍ക്കുമായി ലഭിച്ചിട്ടുള്ള വിശിഷ്ടമായ വിളിയേയും കുറിച്ച് ഏവരേയും അറിയിക്കുക എന്നതാണു ക്രിസ്തുവിന്റ സഭയുടെ മകനെന്ന നിലയില്‍ എന്റെ ദൗത്യം. അതോടൊപ്പം, ഈ സ്‌നേഹത്തിന്റെ കൂട്ടായ്മയെ ഈ ലോകത്തില്‍ സന്നിഹിതമാക്കാനും എല്ലാ സഭാമക്കളെയും പോലെ ഞാനും അയയ്ക്കപ്പെട്ടിരിക്കുന്നു. കാരണം, പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹക്കൂട്ടായ്മയിലുള്ള ജീവിതം, ഞാനിപ്പോഴേ ക്രിസ്തുവില്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു.