ദൈവം "ആയിരിക്കുന്നവൻ" ആണെന്നു പറഞ്ഞാൽ എന്താ?

ദൈവം ദൈവത്തിനു തന്നെ നല്കിയ പേരാണു "ആയിരിക്കുന്നവന്‍". പഴയനിയമത്തില്‍ മോശയോടാണു ദൈവം ഈ പേരു വെളിപ്പെടുത്തിയത്. എന്താണു ഈ പേരിന്റെ അര്‍ത്ഥം? ഞാനും എനിക്കു ചുറ്റുമുള്ളവരും ചുറ്റുമുള്ളവയുമെല്ലാം ആയിരിക്കുന്നവയല്ലേ? പിന്നെ, ദൈവത്തിനുമാത്രം എന്താണു പ്രത്യേകത?

എന്നാല്‍ അങ്ങനെയല്ലെന്നു പിന്നീടാണു ഞാന്‍ മനസിലാക്കിയത്. ആയിരിക്കുന്ന അവസ്ഥയിലേക്കു വന്നവനാണു ഞാന്‍. സ്വയം വന്നതല്ല, ദൈവം അവിടുത്തെ സ്‌നേഹത്താല്‍ എന്നെ ഇല്ലായ്മയില്‍ നിന്നും "ഉള്ളായമ"യിലേക്കു കൊണ്ടുവന്നു. ഞാന്‍ ഇല്ലാതിരുന്ന ഒരു സമയമുണ്ടായിരുന്നു. മാത്രമല്ല, സമയം പോലും ഇല്ലാതിരുന്ന ഒരവസ്ഥയുണ്ടായിരുന്നു. എന്നാല്‍, അപ്പോഴും ദൈവമുണ്ടായിരുന്നു. അവിടുന്നു മാത്രമാണു തുടക്കവും ഒടുക്കവും ഇല്ലാത്തവന്‍. ദൈവമല്ലാത്തവയെല്ലാം, ആയിരിക്കുന്ന അവസ്ഥയിലേക്കു, ദൈവത്താല്‍ വന്നവയാണ്. ദൈവം മാത്രമാണു യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നത്. മറ്റെല്ലാം, ഞാനടക്കം, എല്ലാം ശൂന്യം മാത്രം. ദൈവത്തിന്റെ സ്‌നേഹം കൊണ്ടുമാത്രം ഇപ്പോഴും "ആയിരിക്കുന്ന" അവസ്ഥയിലുള്ള വെറും ശൂന്യത മാത്രം.