ഈശോയും ഞാനും സമകാലികരാണ്

ശോ ജീവിച്ചിരുന്നകാലത്ത് അവന്റെ കൂടെ ജീവിക്കാന്‍ സാധിച്ചവരുടെ ഭാഗ്യത്തെ പറ്റി ചിന്തിച്ചിട്ടുണ്ട്. എനിക്കാ ഭാഗ്യം ലഭിച്ചില്ലല്ലോ എന്നോര്‍ത്തു പരിതപിച്ചിട്ടുണ്ട്. എന്നാല്‍ വി. കുര്‍ബാനയെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോഴാണ് അവരേക്കാള്‍ എത്രയോ വലിയ ഭാഗ്യമാണ് എനിക്കു ലഭിച്ചിരിക്കുന്നതെന്നു മനസിലാകുന്നത്.

ഈശോയുടെ ഭൗമികജീവിതമാകുന്ന മിശിഹാരഹസ്യത്തെയാണ്, പ്രത്യേകിച്ചു പെസഹാരഹസ്യത്തെയാണ് വി. കുര്‍ബാനയില്‍ ആഘോഷിക്കുന്നത്. ഈ പെസഹാരഹസ്യം യഥാര്‍ത്ഥത്തില്‍ സമയത്തിനതീതമാണ്. അതിനാലാണ് ഈശോയുടെ കുരിശിലെ ബലിയെ എന്നേക്കുമുള്ള ഏകബലി എന്നു പറയുന്നത്. ഈ ഏകബലി തന്നെയാണു വി. കുര്‍ബാന. സ്വന്തം ശരീരവും രക്തവും അര്‍പ്പിച്ചു കാല്‍വരിയില്‍ ഈശോ ബലിയായി. അവന്‍തന്നെ അന്ത്യത്താഴത്തില്‍ അപ്പവും വീഞ്ഞും സ്വശരീരരക്തങ്ങളാക്കി നിത്യപിതാവിനു ബലിയര്‍പ്പിച്ചു. കാല്‍വരിയിലെ ആ രക്തബലിയും, അന്ത്യത്താഴത്തിലെ രക്തരഹിത ബലിയും, വി. കുര്‍ബാനയെന്ന ബലിയും ഈശോയുടെ സമയാതീതമായ ഏകബലിതന്നെ.

സഭയോടൊപ്പം വി. കുര്‍ബാന ആഘോഷിക്കുമ്പോള്‍ ഈശോയുടെ ജീവിതത്തില്‍, അവിടുത്തെ ബലിയില്‍ ഞാനും പങ്കുചേരുന്നു. കാരണം, എന്തൊക്കെ നടന്നു എന്നതിന്റെ വെറുമൊരനുസ്മരണമല്ല, നടന്നവയെ സന്നിഹിതമാക്കുക കൂടിയാണു വി. കുര്‍ബാനയില്‍. കാലിത്തൊഴുത്തില്‍ ഉണ്ണി പിറക്കുമ്പോള്‍ ഞാനും മാലാഖമാരും ഒന്നിച്ചു പാടുന്നു: "അത്യുന്നതമാം സ്വര്‍ലോകത്തില്‍".  അവന്‍ സുവിശേഷം പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ ആ ജനക്കൂട്ടത്തില്‍ ഞാനുമുണ്ട്. അവന്റെ ഉത്ഥാനത്തിന്റെ ശേഷിപ്പായ ചുരുട്ടിവച്ച തൂവാല ശിഷ്യരോടൊപ്പം ഞാനും കാണുന്നു, അള്‍ത്താരയില്‍ ചുരുട്ടി വയ്ക്കുന്ന ശോശപ്പയില്‍. അങ്ങനെ പോകുന്നു വി. കുര്‍ബാനയിലെ ക്രിസ്തുവിനോടു കൂടെയുള്ള എന്റെ ജീവിതം. ഞാന്‍ ഈശോയുടെ സമയത്തിലേക്കുയര്‍ത്തപ്പെട്ടതാണോ, അതോ ഈശോ എന്റെ സമയത്തിലേക്കിറങ്ങിയതാണോ എന്നെനിക്കറിഞ്ഞുകൂട. എങ്കിലുമൊന്നറിയാം, വി. കുര്‍ബാനയില്‍ ഞാന്‍ ഈശോയോടൊപ്പം ജീവിക്കുന്നതിനാല്‍ ഞാനവന്റെ സമകാലികനാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അവനോടൊപ്പം ജീവിച്ചിരുന്നവരേക്കാള്‍ ഭാഗ്യവാനാണു ഞാനെന്നു പറയാന്‍ കാരണം, അവരില്‍ മഹാഭൂരിപക്ഷവും അവന്റെ മരണം വരെ അവന്‍ ദൈവമാണെന്നറിയാതെയാണ് അവനോടുകൂടെ ആയിരുന്നത്. എന്നാല്‍ ഞാന്‍,  അവന്റെ ദൈവികസ്വഭാവം അറിഞ്ഞുകൊണ്ടാണ് അവന്റെ കൂടെയായിരിക്കുന്നത്. ഹാ, ഞാനെത്രയോ ഭാഗ്യവാന്‍!!!