ഞാന്‍ ജീവിച്ചിരിക്കുന്നതേ ഇതിനുവേണ്ടിയാണ്, പക്ഷേ...

പൂര്‍ണമായും ദൈവത്തിന്റേതായിത്തീരുക എന്നതാണു എന്റെ ജീവിതലക്ഷ്യം. ബലഹീനനായ ഞാന്‍ ആ ലക്ഷ്യത്തില്‍നിന്നും എത്രയോ അകലെയാണ്. എങ്കിലും മരണശേഷം അവിടുന്നെന്നെ പൂര്‍ണമായും അവിടുത്തേതാക്കിത്തീര്‍ക്കും എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

എന്റെ ഈ ജീവിതലക്ഷ്യത്തിന്റെ ഒരു മുന്നാസ്വാദനമാണു വി. കുര്‍ബാന സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നത്. എന്റെ ദൈവം എന്നിലും, ഞാന്‍ അവനിലും ആയിരിക്കുന്ന നിമിഷം. ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ഇതിലും വലുതോ, പ്രധാനപ്പെട്ടതോ ആയി ഒന്നുംതന്നെ എന്റെ ജീവിതത്തില്‍ സംഭവിക്കുക സാധ്യമല്ല. എങ്കിലും, ഇതിനനുസരിച്ചുള്ളൊരു വികാരത്തോടെയാണോ ഞാന്‍ അനുദിനം വി. കുര്‍ബാന സ്വീകരിക്കുന്നത്? അല്ല എന്നാണുത്തരം. യഥാര്‍ത്ഥത്തില്‍ എനിക്ക് ഏറ്റവുമധികം സന്തോഷം തോന്നേണ്ട നിമിഷമാണത്, പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്. എന്താണു കാരണം?

ഇന്നു ഞാനറിയുന്നു, ഇക്കാര്യത്തില്‍ എന്റെ തോന്നലുകളെയും വികാരങ്ങളേയും വിശ്വസിച്ചുകൂട. കാരണം, അവയെല്ലാം പലപ്പോഴും എന്റെ ഇന്ദ്രിയങ്ങള്‍ തലച്ചോറിനു നല്കുന്ന അറിവിനാല്‍ പരിമിതപ്പെട്ടിരിക്കുന്നവയാണ്. ഉദാഹരണത്തിനു: ഭംഗിയുള്ള കാഴ്ചയോ, രുചിയുള്ള ഭക്ഷണമോ, മനോഹരമായ സംഗീതമോ വികാരങ്ങളെ ഉണര്‍ത്താന്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍, വി. കുര്‍ബാനയപ്പത്തിലെ ഈശോയെ എന്റെ കണ്ണുകള്‍ക്കു കാണാനാകുന്നില്ല, ചെവികള്‍ക്കു കേള്‍ക്കാനാകുന്നില്ല, നാവിനു രുചിക്കാനാകുന്നില്ല, ഹൃദയത്തിനു അനുഭവിക്കാനാകുന്നില്ല. അതിനാല്‍, വി. കുര്‍ബാന സ്വീകരിക്കുമ്പോള്‍ പലപ്പോഴും നിർവികാരതയാണു ഞാന്‍ അനുഭവിക്കുന്നത്.

എന്നാല്‍, എന്നെ സഹായിക്കുന്ന ഒന്നുണ്ട്: വിശ്വാസം. വിശ്വാസത്തിന്റെ കണ്ണിനാല്‍ ഞാന്‍ ആ അപ്പത്തില്‍ ഈശോയെ കാണുന്നു. എന്റെ കൈകള്‍ക്കു അതിന്റെ സ്രഷ്ടാവിനെ അനുഭവിക്കാനാകുന്നില്ലെങ്കിലും, വിശ്വാസത്താല്‍ ഞാനറിയുന്നു, എന്റെ കൈക്കുമ്പിളിലിരിക്കുന്നതു എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമാണെന്ന്. എന്റെ വികാരങ്ങളെയും, തോന്നലുകളെയും ഇക്കാര്യത്തില്‍ ഞാനിനി വിശ്വസിക്കുകയില്ല. അല്ലെങ്കില്‍ത്തന്നെ, ദൈവത്തെ സ്വീകരിക്കുന്ന യഥാര്‍ത്ഥ അനുഭവം ദൈവം എനിക്കു അനുവദിക്കുകയാണെങ്കില്‍, എന്റെ ശരീരത്തിനതു താങ്ങാനാകുമോ?